ജീവിക്കുക എന്നത്‌ ജീവനുള്ളപ്പോൾ മാത്രം സാധ്യമാകുന്ന ഒന്നാണ്‌

40 വയസ്സ് ,അതായത് ആയുസ്സിന്റെ ഏറ്റവും നല്ല ഭാഗത്തിന്റെ പകുതി ഭാഗവും കഴിഞ്ഞ സഹോദരി സഹോദരങ്ങൾ ക്ഷമയോടെ വായിക്കുക…!!

വയസ് നാല്പതുകളിലോ അമ്പതുകളിലോ എത്തിനിൽക്കുന്നവരേ…
എത്തിനോക്കുന്നവരേ…
ഇത് നിങ്ങൾക്കാണ്….

ഹോ, നമ്മളോളം നമ്മുടെ മക്കളെ നോക്കുന്ന മനുഷ്യർ ഏതെങ്കിലും ലോകത്തുണ്ടാവുമോ…?

എത്ര വയസുവരെയാണ്‌ നമ്മുടെ കുട്ടികൾ സംരക്ഷിക്കപ്പെടേണ്ട ഒരു കുട്ടിക്കാലം…?

ഇപ്പൊ ഇരുപതും ഇരുപത്തിയഞ്ചും കടന്ന് അത്‌ പിന്നേയും മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുകയാണ്‌…!

പ്ലാവില പെറുക്കാറായാൽ അതു ചെയ്യണം എന്ന് നിഷ്കർഷിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ബാല്യം ജീവിച്ചവരാണ്‌ നമ്മുടെ പൂർവികർ…

പത്തു വയസാവുമ്പോഴേക്കും കുടുംബജോലികളിൽ അവരവരുടെ പങ്ക്‌ നിർവ്വഹിച്ചിരുന്നവർ.

അവരുടെ തലമുറയിൽപെട്ട ഇപ്പോഴത്തെ അമ്മമാരാണ്‌ ഇരുപത് വയസുകാരൻ മകൻ വീട്ടിൽ ഒറ്റക്കാണ്‌ എന്ന കാരണത്താൽ തങ്ങളുടെ കൂട്ടുകാരികൾ പ്ലാൻ ചെയ്ത ആ യാത്രയിൽനിന്ന് ഒഴിവായി നിൽക്കുന്നത്‌…!!

മക്കളിലൊരാൾ പത്താം ക്ലാസിലെത്തിയാൽ നീണ്ട അവധിക്കപേക്ഷിക്കുകയും, ടിവിയും ഇന്റർനെറ്റുമടക്കം സകല വിനോദങ്ങളും റദ്ദ് ചെയ്ത്‌ വീടിനെ മരണവീടുപോലെ ശോകമൂകമാക്കുകയും ചെയ്യുന്നതും.

മകന്‌ മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയതിനാൽ അഞ്ചരവർഷം അവധിയെടുത്ത്‌ കൂട്ടിരിക്കുന്ന ഒരമ്മയെ പറ്റി കേട്ടിട്ടുണ്ട്…!

ഹോസ്റ്റലൊന്നും ശരിയാവില്ല., അവന്‌ ഞാൻ ഇല്ലാതെ പറ്റില്ല എന്നാണ്‌ അവരുടെ യുക്തി…!

കുട്ടികളുടെ ജീവിതത്തിൽ തണലാവേണ്ടതില്ല എന്നല്ല.,

നിങ്ങൾ കരിഞ്ഞുണങ്ങി പൊടിഞ്ഞു തീരും വരെ അവർക്കായി ഇങ്ങനെ വെയിലുകൊള്ളേണ്ടതുണ്ടോ എന്നതാണ്‌ വിഷയം.

സ്വയം തണൽ തേടാൻ അവർ പ്രാപ്തരായ ശേഷവും അവനവന്റെ ജീവിതമങ്ങനെ ത്യജിക്കേണ്ടതുണ്ടോ എന്ന്.

ഒരു പൊന്മാന്‌ അൽപനേരം കൂടി അധികം മെനക്കെട്ടാൽ അതിന്റെ കുഞ്ഞുങ്ങൾക്കുള്ള മീനിനെക്കൂടി പിടിക്കാവുന്നതേ ഉള്ളൂ…

പക്ഷേ: കണ്ടിട്ടില്ലേ,
അത്‌ മീൻ പിടിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കുകയാണ്‌ ചെയ്യുക…

കോടിക്കണക്കായ ആളുകൾ ജീവിച്ചു മരിച്ചുപോയ ഒരിടമാണ്‌ ഈ ഭൂമി. ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ മരിച്ചവരുള്ള ഒരിടം.

നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുക എന്നത്‌ പ്രധാനമാണ്‌…

മരങ്ങളിൽ വള്ളികൾക്ക്‌ എന്നുള്ളതുപോലെയാണ്‌ മറ്റുള്ളവർക്ക്‌ നിങ്ങളുടെ ജീവിതത്തിൽ സ്ഥാനം നൽകേണ്ടത്‌. അത്‌ ഇത്തിക്കണ്ണികൾ എന്നതുപോലെയാവുമ്പോഴാണ്‌ ആദ്യം നിങ്ങളും പിന്നാലെ നിർബന്ധമായും അവരും ഉണങ്ങിപ്പോകുന്നത്‌.

മരിക്കുമ്പോൾ തിന്മകളിൽ നിന്ന് എന്ന പോലെ തന്നെ നന്മകളിൽ നിന്നും മനുഷ്യൻ സ്വതന്ത്രനാകുന്നുണ്ട്‌.

രണ്ട് തലമുറക്കപ്പുറം നിങ്ങളെ ആരോർക്കാനാണ്‌…?
ഇനി അഥവാ ഓർത്തിരുന്നാൽ തന്നെ നിങ്ങൾക്ക്‌ അതു കൊണ്ട്‌ എന്ത്‌ ലാഭമാണുള്ളത്‌…?

അതു കൊണ്ട്‌ അവനവന്റെ ജീവിതത്തെ പൂർണ്ണമായും ഉരുക്കിയൊഴിച്ച്‌ അപരന്റെ ജീവിതത്തിൽ വെളിച്ചം പകരാതിരിക്കുക. അവനവനെ കൂടി ഇടക്കൊക്കെ പരിഗണിക്കുക. അവനവന്റെ ഇഷ്ടങ്ങൾക്ക്‌ അപരന്റേതിന്‌ ഒപ്പമെങ്കിലും പരിഗണന നൽകുക.

നാൽപത്തി അഞ്ച്‌ വയസ്‌ കഴിഞ്ഞ ഒരു മദാമ്മ ഈയിടെ വയനാട്ടിൽ വന്നു…”

അൻപത്‌ വയസിന്‌ മുൻപ്‌ ചെയ്യേണ്ട അൻപതുകാര്യങ്ങൾ എന്നൊരു ബക്കറ്റ്‌ ലിസ്റ്റ്‌ ഉണ്ടായിരുന്നു അവരുടെ കയ്യിൽ. അതിൽ മുക്കാലും അവർ ചെയ്തു തീർക്കുകയും ചെയ്തിരുന്നു…!

ആനപ്പുറത്ത്‌ കയറുക എന്ന ബാക്കിയുള്ള ഒരൈറ്റം നടപ്പിലായിക്കിട്ടുമോ എന്നാണ്‌ ആയമ്മക്ക്‌ അറിയേണ്ടിയിരുന്നത്‌…!

മറ്റുള്ളവർക്ക്‌ വിചിത്രമെന്ന് തോന്നാം… ചിലപ്പോൾ നമ്മുടെ ചില ആഗ്രഹങ്ങളെ.
അത്‌ പക്ഷേ: നമ്മുടെ കുഴപ്പമല്ല. നമ്മളല്ല അവർ എന്നത്‌ കൊണ്ടുണ്ടാകുന്ന ചെറിയ ഒരു കൺഫ്യൂഷനാണത്‌.
നാം കാര്യമാക്കേണ്ടതില്ലാത്ത ഒന്ന്.

നിത്യവും ധാരാളം രോഗികൾ പ്രായമെത്തി മരിക്കുന്ന ജെറിയാട്രിക്‌ വാർഡിൽ ദീർഘകാലം ജോലി ചെയ്ത ഒരു നഴ്സിന്റെ അഭിമുഖം ഓർമ്മയിൽ വരുന്നു…

ഭൂരിപക്ഷം ആളുകളും മരണത്തോടടുക്കുമ്പോൾ പറഞ്ഞിരുന്നത്‌ എന്തായിരുന്നു എന്നതായിരുന്നു അവരോടുള്ള ഒരു ചോദ്യം… കുറേക്കൂടി നന്നായി ജീവിക്കാമായിരുന്നു…’എന്നതാണ്‌ അതിന്‌ അവർ പറഞ്ഞ ഉത്തരം.

പിന്മടക്കം സാധ്യമല്ലാത്ത ഒരു പോയന്റിൽ എത്ര വേദനാജനകമാണ്‌ ആ വിചാരം എന്ന് ആലോചിച്ചു നോക്കൂ…

ധാരാളം ആഗ്രഹങ്ങളുമായി മരണത്തിലേക്ക്‌ പോകുന്നവർ പരാജയപ്പെട്ട ജീവിതങ്ങൾ നയിച്ചവരാകുന്നു…

ഒരു ജീവിതം കൊണ്ടും തീരാതെ അനന്തമായി നീളുന്ന ആക്രാന്തപ്പെട്ട ആശാപാശത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്‌…

നിസ്സാരമെങ്കിലും പല വിധകാരണങ്ങളാൽ നടക്കാതെ പോകുന്ന ഒരു മനുഷ്യന്റെ കുഞ്ഞു കുഞ്ഞ്‌ ആശകളേക്കുറിച്ചാണ്‌…

മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും തന്നെ ഗൗനിക്കാതെ തന്നിഷ്ടം കാട്ടി നടക്കണമെന്നുമല്ല.
മറ്റുള്ളവർക്ക്‌ വേണ്ടി, മറ്റുള്ളവർക്ക്‌ വേണ്ടി, എന്ന് നാം ത്യജിച്ചുകളയുന്ന നിർദോഷങ്ങളായ നമ്മുടെ ചില സന്തോഷങ്ങളെക്കുറിച്ചാണ്‌ ഞാൻ പറയാൻ ശ്രമിക്കുന്നത്‌…

നാളേക്ക്‌ നാളേക്ക്‌ എന്ന് നാം മാറ്റിവക്കുകയും ജീവിതത്തിൽ ഒരിക്കലും നടക്കാതെ പോകുകയും ചെയ്യുന്ന പല പല സംഗതികളെക്കുറിച്ച്‌…

അത്‌ പലർക്കും പലതാകാം…

വിജനമായ ഒരു മലമുകളിലേക്ക്‌ ഒറ്റക്ക്‌ കയറിപ്പോകുന്നതോ പ്രിയപ്പെട്ട ഒരാളോടൊപ്പം രാത്രി മഴ നനയുന്നതോ ആകാം…

ഒരു ഒരു കാനന സഫാരിയോ, ഷോപ്പിങ്ങോ ആകാം…

ഉറക്കെയുറക്കെ പാടുക,
മതിവരുവോളം നൃത്തം ചെയ്യുക.

പുഴയോരത്തെ ഒരു പുൽമൈതാനത്തിൽ ആകാശം കണ്ട്‌ മലർന്നു കിടക്കുക, തുടങ്ങി അന്യന്‌ ദ്രോഹം ചെയ്യാത്ത എന്തു തരം ആഗ്രഹങ്ങളുമാവാം എന്നു സാരം…

നിങ്ങൾ അതിയായി ഒരു കാര്യം ആഗ്രഹിക്കുകയാണെങ്കിൽ പൗലോ കൊയ്‌ലോ പറഞ്ഞപോലെ ലോകം മുഴുവൻ അതിനായി ഗൂഢാലോചന ചെയ്തേക്കില്ലെങ്കിലും ആരെങ്കിലുമൊക്കെ അതിനായി നിങ്ങളോടൊപ്പമുണ്ടാവും എന്ന് ഉറപ്പാണ്‌…

വർക്ക്‌ ഏരിയയിൽ പൊടിപിടിച്ചു കിടക്കുന്ന ആ തയ്യൽ മെഷീൻ കണ്ടോ…?

‘തൊട്ടതിനും പിടിച്ചതിനും ടെയിലറുടെ അടുത്ത്‌ പോകാൻ വയ്യ…
ഇനി അത്യാവശ്യം തൈപ്പൊക്കെ ഞാൻ തൈച്ചോളാം’ എന്ന് നിങ്ങൾ പറഞ്ഞപ്പോൾ അത്‌ നേരാണ്‌ എന്ന് ഒരാൾ വിശ്വസിച്ചതാണ്‌ അതങ്ങനെ അവിടെ വരാൻ കാരണം…

അലക്കിയ തുണി ഉണങ്ങാൻ സ്റ്റാന്റായി ഇപ്പോൾ ഉപയോഗിക്കുന്ന ആ തടി കുറക്കാനുള്ള സൈക്കിളില്ലേ, അതും അങ്ങനെ വന്നതു തന്നെ.

എല്ലാവർക്കും വായിക്കാനുള്ളതാണെങ്കിൽ കൂടി എന്നത്തെയും പോലെ ഈ കുറിപ്പ്‌ കൊണ്ടും ലക്ഷ്യം വക്കുന്നത്‌ നാൽപത്‌ കഴിഞ്ഞവരേയാണ്‌…

മറ്റുള്ളവർക്ക്‌ ഇനിയും സമയമുണ്ടെന്നും ധാരാളം ബസുകൾ വരാനുമുണ്ടെന്നും അറിയാവുന്നതു കൊണ്ടാണ്‌ അത്‌.

നാൽപത്‌ കഴിഞ്ഞവർ നിശ്ചയമായും ഓടിയേ പറ്റൂ… സ്റ്റാന്റ്‌ വിട്ടു പോയിക്കൊണ്ടിരിക്കുന്നത്‌ അവർക്കുള്ള അവസാന ബസുകളാണ്‌…

അമാന്തിച്ചു നിന്നാൽ മന:സമാധാനമില്ലാതെ മരിക്കാം… ഈ മനോഹരതീരത്ത്‌ ഒരാവശ്യവുമില്ലാതെ പാഴാക്കിക്കളയാൻ ഒരു ജന്മം കൂടി തരുമോ എന്ന് ശോകഗാനം മൂളാം…

പലവിധ ഉത്തരവാദിത്തങ്ങളുടെ സമ്മർദ്ദങ്ങൾ എന്റെ ചില പ്രിയപ്പെട്ട പരിപാടികളെ തടസപ്പെടുത്തുമ്പോൾ അതിനെ അതിജീവിക്കാനായി ഞാൻ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്‌.

പരോപകാരാർത്ഥം അതു കൂടി പങ്കുവെച്ചു കൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം എന്നു കരുതുന്നു…

ഈ നിമിഷത്തിൽ ഞാൻ മരിച്ചു പോയിരുന്നു എങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ചിന്ത ചെയ്യലാണ്‌ ആ കൗശലം.

ഒരാൾ ഇല്ലാതായാൽ ലോകത്തിന്‌ എന്ത്‌ സംഭവിക്കാനാണ്‌…?

ഭാര്യ/ ഭർത്താവ് തനിയെ ജീവിക്കില്ലേ…?

മക്കൾ പഠിക്കുകയോ, ഉദ്യോഗം നേടുകയോ, കല്യാണം കഴിക്കുകയോ, കഴിക്കാതിരിക്കുകയോ ചെയ്യില്ലേ…?

നാട്ടിൽ ആളുകൾ പശുക്കളെ വളർത്തില്ലേ…? ലോകം അതിന്റെ ക്രമം വീണ്ടെടുക്കില്ലേ…?

അത്രയേ ഉള്ളൂ കാര്യം.
നിങ്ങളുടെ ഈ പറയുന്ന തിരക്കുകൾക്കൊക്കെ അത്രയേ ഉള്ളൂ… പ്രസക്തി…

അപ്പോ ശരി…
എല്ലാവർക്കും കാര്യം തിരിഞ്ഞല്ലോ അല്ലേ…?

ജീവിക്കുക എന്നത്‌ ജീവനുള്ളപ്പോൾ മാത്രം സാധ്യമാകുന്ന ഒന്നാണ്‌ എന്നു സാരം…! അതായത് 45 കഴിഞ്ഞാലെങ്കിലും നമുക്ക് വേണ്ടി, നമ്മുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ജീവിതം മാറ്റി വെക്കുവാൻ പരിശീലിക്കുക, ആയതിന് വേണ്ടി ശ്രമിക്കുക..!

Comments

mood_bad
  • No comments yet.
  • Add a comment