ഞങ്ങൾ മലയാളികൾ, ഇതും അതിജീവിക്കും ഒറ്റക്കെട്ടായ്!!

മൂന്നു വർഷം മുന്നേ ഭീകര പ്രളയം മൂന്നിൽ കണ്ട ഒരു ചെന്നൈക്കാരന്റെ വാക്കുകൾ:

‘മഴ തുടങ്ങിയപ്പോൾ നിങ്ങളും സന്തോഷിച്ചിട്ടുണ്ടാവും, .ഞങ്ങളെ പോലെ തന്നെ. കുട്ടികളും യുവാക്കളും മുതിർന്നവരും ആ മഴയിൽ തുള്ളിച്ചാടിയിട്ടുണ്ടാവാം.. വെള്ളത്തിന്റെ അളവ് കൂടുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അതു പരിധി വിടുന്നത് വരെ. ഞങ്ങളെ പോലെ തന്നെ.

അതിനു ശേഷമാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം..

ഒരാഴ്ച തുടർച്ചയായി ചെന്നൈ നഗരത്തെ മഴ വിഴുങ്ങിയപ്പോൾ ഞങ്ങൾ മരവിച്ചു പോയി. സഹായത്തിനായി അലമുറയിട്ടു. നെഞ്ചത്തടിച്ചു. അന്ന് കേരളമക്കളും ആ ദുരിതത്തിൽനിന്നു കരപറ്റാൻ ഞങ്ങളുടെ നേരെ കൈ നീട്ടി തന്നു.

എന്നാൽ നിങ്ങൾ മലയാളികളോ…

മൂന്നുമാസമായി തുടരുന്ന മഴ!

തുടർന്നു വരുന്ന ദുരന്തം നിങ്ങൾ മുൻകൂട്ടികണ്ടു. പരസ്പരം ട്രോളിയും തമാശിച്ചും സമയം കളഞ്ഞിരുന്ന ഫേസ്‌ബുക്കും വാട്സാപ്പും പൊടുന്നനെ നിങ്ങൾ നിങ്ങളുടെ തന്നെ കൺട്രോൾ റൂമുകളാക്കി. ഇൻഫർമേഷൻ സെന്ററുകൾ ആക്കി. അവിടെയിരുന്നു നിങ്ങൾ കേമ്പുകൾ ഒരുക്കി.

നിങ്ങൾ ആർക്കു വേണ്ടിയും കാത്തുനിന്നില്ല. അയൽകാരോ കേന്ദ്രമോ വരുന്നത് വരെ അടങ്ങിയിരുന്നില്ല. നിങ്ങൾ പ്രവർത്തിക്കുകയായിരുന്നു. കൂടെയുള്ളവരെ രക്ഷപെടുത്താൻ, സഹായിക്കാൻ,

അതിനു വേണ്ടി നിങ്ങളുടെ സഹോദരങ്ങൾ ഗൾഫ് നാടുകളിൽ പോലും ഉറക്കമിളച്ചിരുന്നു നാട്ടിലെ രക്ഷാപ്രവർത്തഞങ്ങൾക്കു നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.

നിങ്ങൾ നിങ്ങൾക്കിടയിൽ തന്നെ പരിഹാരങ്ങൾ തേടുകയായിരുന്നു.

നിങ്ങൾക്ക് എങ്ങനെ ഇത് സാധിക്കുന്നു?

എന്തു ദുരന്തം വന്നാലും ഇത്ര സംഘടിതമായി പ്രതിരോധിക്കാൻ നിങ്ങൾ എവിടുന്നു പഠിച്ചു?

നിങ്ങൾ നിപ വൈറസിനെ പ്രതിരോധിച്ചത് ലോകം കണ്ടതാണ്. നിങ്ങൾ സഹായത്തിനായി നിലവിളിക്കുന്നില്ല. എത്താത്ത സഹായത്തെ ഓർത്ത് പരസ്പരം പഴിചാരുന്നില്ല. നാട്യങ്ങളോ നാടകങ്ങളോ ഇല്ല.

ഇന്ത്യയിൽ മറ്റേതൊരു സ്റ്റേറ്റ് ആയിരുന്നുവെങ്കിലും ഈ അവസ്ഥയിൽ മൂന്നുമാസം പോയിട്ട് മൂന്നുദിവസം പോലും പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല.

ഭൂപടത്തിൽ നിങ്ങൾ ഈ രാജ്യത്തിന്റ ഏറ്റവും താഴെ ആയിരിക്കാം. പക്ഷെ പ്രവർത്തി കൊണ്ടു നിങ്ങൾ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും എന്നപോലെ ഇക്കാര്യത്തിലും ഇന്ത്യാ മഹാരാജ്യത്ത് എന്തിനേകാളും മുകളിലാണ്.

പ്രതികരിക്കുക പ്രതിരോധിക്കുക.. .ജീവിച്ചു കാണിക്കാനായി മരണം വരെ ഒരുമിച്ചു നിന്നു പോരാടുക എന്നത് നിങ്ങളുടെ രക്തത്തിലുള്ളതാണ്.

ഇന്ത്യ മുഴുവൻ കേരളത്തിന്റെ മനസ്ഥിതിയുള്ള മനുഷ്യർ ആയിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

ബിഗ് സല്യൂട്ട് കേരള. “

ഒരു തമിഴ് സുഹൃത്തിന്റെ വാക്കുകളുടെ മൊഴിമാറ്റം.
(എം സാദിഖ് തിരുന്നാവായ)

അതേ ലോകമേ…..
ഞങ്ങൾ മലയാളികൾ ഇങ്ങനെയാണ്…
ഞങ്ങൾ ഇതും അതിജീവിക്കും ഒറ്റക്കെട്ടായ്

Comments

  • akhisakhi3
    September 11, 2018 at 2:58 pm

    Humans on country ?

chat
Add a comment